കുരിശുയുദ്ധം
'മുസ്ലിം അവിശ്വാസികളുടെ കരങ്ങളില്‍ നിന്ന് വിശുദ്ധഭൂമിയെ മോചിപ്പിക്കാന്‍' ലക്ഷ്യമിട്ട് നടത്തിയ കുരിശുയുദ്ധത്തെപ്പറ്റി പരാമര്‍ശിക്കവേ, ചരിത്രകാരന്‍ ഗീബെര്‍ട്ട് (1053-1124), കുരിശുപോരാളികളുടെ ലക്ഷ്യങ്ങളെ ഇങ്ങനെ രേഖപ്പെടുത്തി:
'ഞങ്ങള്‍ കിഴക്കന്‍ നാടുകളിലെ ദൈവത്തിന്റെ ശത്രുക്കള്‍ക്കെതിരെ പൊരുതാന്‍ ഉറച്ചവരാണ്. മറ്റാരേക്കാളും ദൈവത്തോട് ശത്രുത പുലര്‍ത്തുന്ന ജൂതരാണ് ഞങ്ങളുടെ പ്രധാന ശത്രു.'(20)
'ആദ്യ കുരിശുയുദ്ധവേളയില്‍ത്തന്നെ ജര്‍മനിയിലും ഉത്തരഫ്രാന്‍സിലുമുണ്ടായിരുന്ന ജൂത ജനതയുടെ മൂന്നിലൊന്നും കൊലചെയ്യപ്പെട്ടു.'(21)
'ജറുസലേമില്‍ കുരിശുപോരാളികളെ പേടിച്ചോടിയ ജൂതര്‍ പ്രധാന സെനഗോഗില്‍ കയറി വാതില്‍ കൊട്ടിയടച്ചു. പിന്നീട് അവിടെ തമ്പടിച്ച 9696 പേരെയും അവര്‍ തീവെച്ചു കൊന്നു. പുറത്ത് കുരിശുയോദ്ധാക്കള്‍ യേശുവിന്റെ കൊലക്ക് പ്രതികാരം വീട്ടുകയാണെന്നു പറഞ്ഞുകൊണ്ടുള്ള പാട്ട് പാടുകയായിരുന്നു.'(22)
'ആദ്യത്തെ രണ്ട് കുരിശുയുദ്ധവേളകളില്‍ ജര്‍മന്‍ ജൂതര്‍ ഭരണാധികാരികളോട് സഹായാഭ്യര്‍ഥന നടത്തി. പകരമായി കൊട്ടാരത്തിന്റെ ദാസ്യവൃത്തിയേല്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. മാത്രമല്ല, കൊട്ടാരത്തിലേക്ക് വലിയൊരു തുക സ്വരൂപിച്ചു നല്‍കാനും നിര്‍ദേശിക്കപ്പെട്ടു.'(23)
സ്വന്തം പൌരന്മാരുടെ സംരക്ഷണത്തിനാണ് ഈ പ്രത്യേക കൈക്കൂലി ഭരണകൂടം ആവശ്യപ്പെട്ടത് എന്നോര്‍ക്കുക. ഈ പ്രവണത പിന്നീട് പല നാടുകളിലേക്കും വ്യാപിക്കുകയുണ്ടായി. ഇതിനെ ദൈവശാസ്ത്രപരമായി സഭ ന്യായീകരിച്ചത് യേശുവിനെ കുരിശില്‍ തറച്ചതിനാല്‍ എന്നേക്കുമുള്ള അടിമത്തത്തിന് ജൂതര്‍ വിധിക്കപ്പെട്ടു എന്ന ന്യായീകരണവുമായാണ്.(24)
യൂറോപ്പില്‍ 'കറുത്ത മരണം' (1347-1350) എന്ന പേരില്‍ പടര്‍ന്നു പിടിച്ച പ്ളേഗില്‍ ലക്ഷക്കണക്കിന് യൂറോപ്യര്‍ മരണപ്പെട്ടു. ഇതിന് പിന്നില്‍ ജൂതന്മാര്‍ കിണറുകളില്‍ വിഷം കലക്കിയതാണെന്ന പ്രചരണം വ്യാപകമായി നടന്നു. ദക്ഷിണ ഫ്രാന്‍സ്, ഉത്തര സ്പെയിന്‍, സ്വിറ്റ്സര്‍ലന്റ്, ബവേറിയ, കിഴക്കന്‍ ജര്‍മനി, പോളണ്ട്, ബല്‍ജിയം, ആസ്ട്രിയ എന്നിവിടങ്ങളിലെ ജനങ്ങള്‍ അത് വിശ്വസിക്കുകയും 200 ജൂത സമുദായങ്ങളെ നശിപ്പിക്കുകയും ചെയ്തു. പോളണ്ടില്‍ മാത്രം 10,000 പേര്‍ കൊല്ലപ്പെട്ടു എന്നതില്‍നിന്ന് മനുഷ്യനാശത്തിന്റെ തീവ്രത അളക്കാവുന്നതാണ്. 3 ജര്‍മന്‍ നഗരങ്ങളില്‍നിന്ന് മാത്രം 10000 ലേറെ പേര്‍ കൊല്ലപ്പെട്ടു.(25)
ആചാരപരമായി കൊലനടത്തുന്ന വിഭാഗമായി ജൂതരെ ചിത്രീകരിക്കുന്ന പ്രവണത ക്രൈസ്തവരില്‍ 12-ാം നൂറ്റാണ്ട് മുതല്‍തന്നെ (ഇംഗ്ളണ്ടില്‍) ആരംഭിച്ചിരുന്നു. ഈസ്ററിന് മുമ്പ് ക്രൈസ്തവ ശിശുക്കളെ മതാചാരപരമായിത്തന്നെ ജൂതര്‍ വധിക്കുമെന്നായിരുന്ന പ്രചാരണം. ഈ ദുരാരോപണത്തെത്തുടര്‍ന്ന് പതിനായിരക്കണത്തിന് ജൂതരാണ് യൂറോപ്പിലുടനീളം കൊല്ലപ്പെട്ടത്.(26)
1880-നും 1945-നുമിടക്ക് മധ്യ-കിഴക്കന്‍ ജര്‍മനിയിലെ റോമന്‍ കത്തോലിക്കര്‍ക്കിടയിലും ഓര്‍ത്തഡോക്സ് സഭയിലും ഈ ധാരണ പടര്‍ന്നു പിടിച്ചിരുന്നു.(27) ജര്‍മന്‍ കുട്ടികളുടെ രക്തം ജൂത റബ്ബിമാര്‍ ഊറ്റിക്കുടിക്കുന്നതായി നാസിപത്രങ്ങള്‍ നിരന്തരം ആരോപിക്കുമായിരുന്നു.(28)
വിശുദ്ധ കുര്‍ബ്ബാന അലങ്കോലപ്പെടുത്തി യേശുവിനെ വീണ്ടും ക്രൂശീകരിക്കാന്‍ ജൂതര്‍ക്ക് താല്പര്യമുണ്ടെന്ന ആരോപണവും അവര്‍ക്കെതിരെ നിരന്തരം ഉയര്‍ത്തിവിട്ടു.(29) ഇക്കാരണം പറഞ്ഞ് 1298-ല്‍ ജര്‍മനിയിലെ റോട്ടിന്‍ജെന്‍ നഗരത്തിലെ മുഴുവന്‍ ജൂതരെയും തീയിലിട്ട് കൊന്നു. അക്രമകാരികള്‍ ജര്‍മനിയിലും ആസ്ട്രിയയിലുള്ള മുഴുവന്‍ ജൂതരെയും കൊന്നുതള്ളാന്‍ ഉഴറിനടന്നു. ഒരു ലക്ഷം ജൂതര്‍ ഇതേ തുടര്‍ന്ന് വധിക്കപ്പെട്ടു.(30)
REFERENCES:
20).- Edward H. Flannery, Op. Cit, p.91-92
21).- Edward H. Flannery, Op. Cit, p.93
22).- David Rausch, A Legacy of Hatred, Baker: Grand Rapids, 1990, p.27
23).- Edward H. Flannery, Op. Cit, p.97
24).- Michael L. Brown, Our Hands Are Stained with Blood, Destiny Image Publishers: Pasadena, 1992, p.13
25).- Edward H. Flannery, Op. Cit, p.109, 111
26).- William James Broadway, Has the Church Fallen Under a Curse? Broadway Ministries: Alberta, 1996, p.30
27).- Dennis Prager and Joseph Telushkin, Why the Jews? The Reasons for Antisemitism, Simon & Schuster: NewYork, 1983, p.100
28).- Ibid, p.100-101
29).- Ibid, p.103
30).- Edward H. Flannery, Op. Cit, p.107
No comments:
Post a Comment